സിവില്‍ സര്‍വീസ് പരീക്ഷ - മലയാളം ഓപ്ഷണല്‍
കൈസഹായി
സിവില്‍ സര്‍വീസ് പരീക്ഷ എന്താണ്?
രാജ്യത്തെ ഭരണചക്രം തിരിക്കുന്ന ഉന്നത ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്ന പരീക്ഷയാണ് സിവില്‍ സര്‍വീസ് പരീക്ഷ. മൂന്ന് ഘട്ടങ്ങളിലായാണ് പരീക്ഷ - ഒബ്ജറ്റീവ് ചോദ്യങ്ങളോട് കൂടിയ പ്രിലിംസ്, വിശദമായി ഉത്തരങ്ങളെഴുതേണ്ടുന്ന മെയിന്‍സ് പരീക്ഷ, വ്യക്തിത്വ വിശകലനത്തിനായി അഭിമുഖ പരീക്ഷ. ഭരണഘടനാ സ്ഥാപനമായ യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീക്ഷനാണ് പരീക്ഷാ നടത്തിപ്പിന്‍റെ ഉത്തരവാദിത്വം.
സിവില്‍ സര്‍വീസ് പരീക്ഷ മലയാളത്തില്‍ എഴുതുന്നതും മലയാളം ഓപ്ഷണലായി എടുത്ത് പഠിക്കുന്നതും തമ്മിലുള്ള വ്യത്യാസം എന്താണ്?
സിവില്‍ സര്‍വീസ് പരീക്ഷയുടെ മെയിന്‍സ് പരീക്ഷയ്ക്ക് മാര്‍ക്കിനായി കണക്കിലെടുക്കുന്ന ഏഴ് പേപ്പറുകളാണുള്ളത്. ഇതില്‍ ഒരു Essay പേപ്പര്‍, നാല് ജനറല്‍ സ്റ്റഡീസ് പേപ്പറുകള്‍, ഓപ്ഷണലായി തിരഞ്ഞെടുക്കുന്ന വിഷയത്തിന്‍റെ രണ്ട് പേപ്പറുകള്‍ എന്നിവയാണുള്ളത്. ഇതില്‍ ജനറല്‍ സ്റ്റഡീസിന്‍റെ പേപ്പറുകളും Essay പേപ്പറും മലയാളത്തില്‍ എഴുതാന്‍ കഴിയും. ഇതാണ് സിവില്‍ സര്‍വീസ് പരീക്ഷ മലയാളത്തില്‍ എഴുതുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാല്‍ സിവില്‍ സര്‍വീസ് മെയിന്‍സ് പരീക്ഷയ്ക്ക് ഒരു വിഷയം ഓപ്ഷണല്‍ ആയി എടുക്കേണ്ടതുണ്ട്. അമ്പതോളം വിഷയങ്ങളില്‍ നിന്നാണ് ഒരു ഉദ്യോഗാര്‍ത്ഥി ഈ തിരഞ്ഞെടുപ്പ് നടത്തേണ്ടത്. മലയാള സാഹിത്യവും ഒരു ഓപ്ഷണല്‍ പേപ്പര്‍ ആണ്.
എന്താണ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഓപ്‌ഷണലിന്‍റെ പ്രസക്തി?
1750 മാര്‍ക്കിനാണ് മെയിന്‍സ് പരീക്ഷ നടത്തുന്നത്. ഇതില്‍ 500 മാര്‍ക്ക് ഓപ്ഷണലിന്റേതാണ്. ജനറല്‍ സ്റ്റഡീസ് പേപ്പര്‍ 1000 മാര്‍ക്കിനും. ജനറല്‍ സ്റ്റഡീസ് പേപ്പറിന് 1000 - ത്തില്‍ പരമാവധി 450 മാര്‍ക്ക് വരേയെ പരമാവധി നേടാന്‍ സാധിക്കൂ. അതേ സമയം ഓപ്ഷണലിന് 500 - ല്‍ 365 മാര്‍ക്ക് വരെ നേടാന്‍ കഴിയും. മലയാളത്തിന് ഒരു ഉദ്യോഗാര്‍ത്ഥി നേടിയ ഏറ്റവും മികച്ച സ്കോര്‍ 343 ആണ്. ചുരുക്കത്തില്‍ റാങ്ക് ലിസ്റ്റില്‍ കയറുന്ന എല്ലാവരും ഓപ്ഷണലിലെ മികച്ച സ്കോറിനെ ആശ്രയിച്ചാണ് ആ നേട്ടം കരസ്ഥമാക്കുന്നത്.
ഓപ്ഷണല്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്താണ്?
എടുക്കുന്ന വിഷയത്തോടുള്ള താത്പര്യമാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാന്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ പരിചയമുള്ള അധ്യാപകരുടെ സഹായവും ഏറെ പ്രധാനമാണ്. പ്രായോഗികമായി പരീക്ഷയെ സമീപിക്കുവാന്‍ അവര്‍ സഹായിക്കും. പഠനവസ്തുക്കളുടെ ലഭ്യത, മാര്‍ക്ക് കിട്ടാനുള്ള സാധ്യത, സിലബസിന്റെ വലുപ്പം എന്നിവയും പരിഗണിക്കണം.
മലയാളം ഓപ്ഷണലില്‍ എന്താണ് പഠിക്കാനുള്ളത്?
മലയാളം ഓപ്ഷണലില്‍ രണ്ട് പേപ്പറുകളാണ് പഠിക്കാനുള്ളത്. ആദ്യത്തെ പേപ്പറില്‍ ഭാഷയുടേയും സാഹിത്യത്തിന്‍റേയും ചരിത്രമാണ് പഠിക്കാനുള്ളത്. രണ്ടാമത്തെ പേപ്പറില്‍ തിരഞ്ഞെടുത്ത പന്ത്രണ്ട് കവിതകളും ഒമ്പത് ഗദ്യകൃതികളും പഠിക്കാനുണ്ട്.
എത്ര നാളുകൊണ്ട് മലയാളം പഠിച്ച് തീര്‍ക്കാനാവും?
നാല് മാസംകൊണ്ട് സിലബസ് വൃത്തിക്ക് തീര്‍ക്കാനും ഉത്തരം എഴുതാനുള്ള സാമാന്യവിവരം കരസ്ഥമാക്കാനും കഴിയും. എങ്കിലും പരീക്ഷയില്‍ മികച്ച മാര്‍ക്ക് വാങ്ങാന്‍ ആവര്‍ത്തിച്ചുള്ള വായന, എഴുത്ത് പരിശീലനം, അല്‍പ്പം അധികവായന എന്നിവ സഹായിക്കും. ഇവയെല്ലാം പരിശീലനത്തില്‍ ഉടനീളം അത്യാവശ്യമാണ്
മലയാളത്തിന് കോച്ചിംഗിന്‍റെ ആവശ്യമുണ്ടോ?
ഓപ്ഷണല്‍ പേപ്പറുകള്‍ എല്ലാം തന്നെ ബിരുദ തലത്തിലുള്ള വിഷയങ്ങളാണ് സിലബസ്സില്‍ നല്‍കിയിരിക്കുന്നത്. ചുരുങ്ങിയ കാലംകൊണ്ട് പരീക്ഷയ്ക്ക് വേണ്ടുന്ന രീതിയില്‍ ചിട്ടപ്പെടുത്തി അവതരിപ്പിക്കാന്‍ ഒരു അധ്യാപകന് കഴിയും. മാത്രവുമല്ല എന്ത് പഠിക്കണം, എത്രത്തോളം ആഴത്തില്‍ പഠിക്കണം, എവിടുന്ന് പഠിക്കണം എന്നിവയെല്ലാം പറഞ്ഞുതരാന്‍ ഒരു അധ്യാപകന് കഴിയും. കൂടാതെ ഉത്തരമെഴുത്ത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങളും പരിശീലനത്തിലൂടെ കിട്ടും
മലയാളത്തിന് കോച്ചിംഗ് തിരഞ്ഞെടുക്കുമ്പോള്‍ എന്തെല്ലാം കാര്യങ്ങള്‍ പരിഗണിക്കണം?
കൃത്യമായി സിലബസിലെ എല്ലാ ഭാഗങ്ങളും വൃത്തിയില്‍ തീര്‍ക്കുക എന്നതാണ് ഏറ്റവും പ്രധാനം. പല ക്ലാസ്സുകളിലും ചില ഭാഗങ്ങള്‍ വിട്ടുകളയുകയോ ചില ഭാഗങ്ങള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം കൊടുക്കുകയോ ചെയ്യാറില്ല. പരീക്ഷയോട് ഏറ്റവും പ്രായോഗിക സമീപനം സ്വീകരിക്കുന്ന കോച്ചിങ്ങ് ക്ലാസ്സുകളും പ്രധാനമാണ്. പാണ്ഡിത്യത്തിന് ഊന്നല്‍ നല്‍കിയുള്ള സമീപനമല്ല, എങ്ങനെ മാര്‍ക്ക് കൂട്ടാം എന്നതാവണം സമീപനം. ക്ലാസ്സുകളില്‍ മൗലികതയ്ക്ക് പ്രാധാന്യം നല്‍കിയുള്ള ചര്‍ച്ചകളും ഉണ്ടാവണം.
എത്രത്തോളം പേരാണ് ഓരോ വര്‍ഷവും മലയാളം ഒപ്ഷണല്‍ എടുത്ത് മെയിന്‍സ് പരീക്ഷ എഴുതുന്നത്?
പന്ത്രണ്ടായിരത്തോളം പേരെഴുതുന്ന മെയിന്‍സ് പരീക്ഷയില്‍ എണ്‍പത് മുതല്‍ നൂറ്റിയിരുപത് പേരേ മലയാളം ഓപ്ഷണല്‍ എടുത്ത് പരീക്ഷ എഴുതുന്നുള്ളൂ. അതുകൊണ്ട് മലയാളം ഓപ്ഷണല്‍ എടുത്തവര്‍ക്ക് ചെറിയ ഒരു ഗ്രൂപ്പില്‍ മികച്ച് നിന്നാല്‍ നല്ല മാര്‍ക്ക് നേടാം. മറ്റ് ഓപ്ഷണലുകളെ അപേക്ഷിച്ച് ഇത് വലിയൊരു സാധ്യതയാണ്.
മലയാളം എടുക്കുന്നതിന് മുമ്പ് ഉറപ്പാക്കേണ്ട കാര്യങ്ങള്‍ എന്താണ്?
മലയാളം വായിക്കാന്‍ അറിയുക എന്നത് നിര്‍ബന്ധമാണ്. എഴുതുമ്പോള്‍ അക്ഷരതെറ്റുകളും വ്യാകരണപിശകുമൊന്നും ഒരു പ്രശ്നമല്ല. ഒരു വര്‍ഷത്തെ പരിശീലനംകൊണ്ട് അവയൊക്കെ നികത്താവുന്നതേ ഉള്ളൂ.
മലയാളം എടുക്കുന്നതിന് എത്രാം ക്ലാസ് വരെ മലയാളം പഠിക്കണം?
മലയാളത്തിന് മികച്ച മാര്‍ക്ക് വാങ്ങിയവരില്‍ എട്ടാം ക്ലാസില്‍ മലയാള പഠനം നിര്‍ത്തിയവര്‍ ഉണ്ട്. കൂടാതെ ജേതാക്കളില്‍ പലരും പത്തിനപ്പുറം മലയാളം പഠിച്ചിട്ടുമില്ല. എത്രമാത്രം പഠിച്ചു എന്നത് അതിനാല്‍ തന്നെ മലയാളം എടുക്കുന്നതിന് ഒരു മാനദണ്ഡമല്ല. മറിച്ച് മലയാളം ഉത്സാഹത്തോടെയും താത്പര്യത്തോടെയും പഠിക്കാന്‍ തയാറാണോ എന്നതാണ് കണക്കാക്കേണ്ടത്.
ഞാന്‍ എഴുതുന്നതില്‍ ഒരുപാട് അക്ഷരത്തെറ്റുകള്‍ വരുന്നുണ്ട്. അതൊരു പ്രശ്നമാണോ?
പരീക്ഷയില്‍ ചെറിയ അക്ഷരതെറ്റുകള്‍ വരുന്നത് ഒരു പ്രശ്നമല്ല. വേഗത്തില്‍ എഴുതുമ്പോള്‍ എല്ലാവര്‍ക്കും അത്തരം തെറ്റുകള്‍ വരും. കൂടുതല്‍ എടുത്ത് നില്‍ക്കുന്ന അക്ഷരതെറ്റുകള്‍ ഒഴിവാക്കേണ്ടത് നിര്‍ബന്ധമാണ്. ഉത്തരമെഴുത്ത് പരിശീലിക്കുമ്പോള്‍ അധ്യാപകന്‍ അത്തരം തെറ്റുകള്‍ ചൂണ്ടിക്കാട്ടും. അത് ആവര്‍ത്തിക്കാതിരിക്കാന്‍ മനസ്സുവെച്ചാല്‍ മാത്രം മതി. ഒന്നോ രണ്ടോ പരീക്ഷകള്‍ കൊണ്ടുതന്നെ കുട്ടികള്‍ക്ക് അക്ഷരതെറ്റുകള്‍ ഒഴിവാക്കാന്‍ കഴിയാറുണ്ട് എന്നതാണ് അനുഭവം. അതുകൊണ്ട് തന്നെ അക്ഷരതെറ്റുകള്‍ മലയാളം എടുക്കുന്നതിന് ഒരു തടസ്സമല്ല.
എന്‍റെ കൈയ്യക്ഷരം മോശമാണ്. അതൊരു പ്രശ്നമാകുമോ?
ഒരിക്കലുമല്ല. വായിക്കാന്‍ പറ്റണം എന്നേ ഉള്ളൂ. കൈയ്യക്ഷരം കൂടുതല്‍ വൃത്തി ആക്കുവാന്‍ എഴുതുമ്പോള്‍ വാക്കുകള്‍ തമ്മിലും വരികള്‍ തമ്മിലും ആവശ്യത്തിന് അകലം പാലിച്ച് എഴുതി പരിശീലിച്ചാല്‍ മതിയാകും. അപ്പോള്‍ കൈയ്യക്ഷരം മോശമായിരുന്നാലും വായിക്കുവാന്‍ പ്രയാസമുണ്ടാവില്ല.
ഞാന്‍ എഴുതുന്നതിന്‍റെ വേഗത വളരെ കുറവാണ്. അതൊരു പ്രശ്നമാകുമോ?
എല്ലാവര്‍ക്കും എഴുത്തിന് നല്ല വേഗത ഉണ്ടാവണം എന്നില്ല. എഴുത്ത് പരിശീലനത്തിലൂടെ വേഗത മെച്ചപ്പെടുത്താനാകും. മാത്രവുമല്ല, ഒരുപാട് എഴുതുന്നതിലല്ല, ചോദ്യത്തിനനുസരിച്ച് കൃത്യമായ ഉത്തരം കൊടുക്കുന്നതിലാണ് കാര്യമിരിക്കുന്നത്.
മലയാളം ഓപ്ഷണല്‍ എപ്പോള്‍ പഠിച്ച് തുടങ്ങണം?
എത്രയും വേഗം ഓപ്ഷണലിന്‍റെ ക്ലാസ് എടുത്ത് തീര്‍ക്കുന്നതാണ് നല്ലത്. ക്ലാസ്സുകള്‍ താമസിച്ചാണ് എടുക്കുന്നതെങ്കില്‍ അതിന് മുമ്പ് തന്നെ സിലബസ്സിലെ ഗദ്യകൃതികള്‍ വായിച്ചുതീര്‍ക്കുന്നത് നല്ലതാണ്.
ഉത്തരങ്ങളില്‍ മൗലികത ഗുണം ചെയ്യും എന്ന് കേള്‍ക്കുന്നു. എന്താണ് മൗലികത എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?
മൗലികത എന്നാല്‍ സ്വന്തമായുള്ള അഭിപ്രായങ്ങള്‍ ഉത്തരത്തില്‍ ഉള്‍പ്പെടുത്തണം എന്നാണ് വിവക്ഷിക്കുന്നത്. അതായത് കൃതികളെക്കുറിച്ചുള്ള പണ്ഡിതരുടെ അഭിപ്രായങ്ങളേക്കാള്‍ നമ്മുടെ നിരീക്ഷണങ്ങള്‍ക്കാണ് പ്രാധാന്യം കൊടുക്കേണ്ടത്. അത് ഉത്തരങ്ങളെ വ്യതിരിക്തമാക്കാനും മികച്ച മാര്‍ക്ക് നേടുന്നതിനും സഹായിക്കും.
ഉത്തരമെഴുതുമ്പോള്‍ ജനറല്‍ സ്റ്റഡീസിന് എഴുതുന്നത് പോലെ ബുള്ളറ്റ് രീതി സ്വീകരിക്കുന്നതില്‍ തെറ്റുണ്ടോ?
പേപ്പര്‍ ഒന്നില്‍ ഭാഷാപരമായ പ്രത്യേകതകള്‍ വിവരിക്കുന്നതില്‍ ചില ഇടങ്ങളിലെങ്കിലും ബുള്ളറ്റ് പോയിന്‍റില്‍ എഴുതുന്നതില്‍ തെറ്റില്ല. അങ്ങനെ എഴുതിയവര്‍ ഉയര്‍ന്ന മാര്‍ക്കും കരസ്ഥമാക്കിയിട്ടുണ്ട്. എന്നാല്‍ പാരഗ്രാഫ് രീതിയില്‍ എഴുതാന്‍ പരിശ്രമിക്കുന്നതാണ് അഭികാമ്യം.
പേപ്പര്‍ രണ്ടിലെ എല്ലാ കൃതികളും ഞാന്‍ വായിക്കണോ? എത്ര തവണ വായിക്കണം?
പേപ്പര്‍ രണ്ടിലെ എല്ലാ കൃതികളും വായിക്കുക തന്നെ വേണം, കഴിയുന്നത്ര തവണ. കണ്ണീരും കിനാവും, ഭാരത പര്യടനം എന്നീ കൃതികളില്‍ നിന്ന് ചില സന്ദര്‍ഭങ്ങളെ ആസ്പദമാക്കി സ്ഥിരമായി ചോദ്യങ്ങള്‍ ചോദിച്ചു കാണുന്നു. അതുകൊണ്ട് ഈ കൃതികള്‍ വായിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധ ആവശ്യമാണ്.
കൃതികള്‍ വായിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്താണ്?
ആദ്യത്തെ തവണ മുന്‍വിധികള്‍ ഇല്ലാതെ വായിക്കണം. പിന്നീട് മുന്‍കാല വര്‍ഷ ചോദ്യങ്ങളുടെ വെളിച്ചത്തിലും വായിക്കണം. കൃതികള്‍ എങ്ങനെ വായിക്കണം എന്നതിനെക്കുറിച്ചുള്ള സിവില്‍ സര്‍വീസ് പരീക്ഷാ ജേതാവ് മുഹമ്മദ് സജാദിന്‍റെ വീഡിയോ കാണുക. (അതിനായി iLearn IAS മലയാളം ടെലിഗ്രാം ചാനല്‍ സന്ദര്‍ശീക്കുക)
എല്ലാ ദിവസവും ഉത്തരമെഴുത്ത് പരിശീലിക്കേണ്ടതുണ്ടോ?
നിര്‍ബന്ധമില്ല. എഴുത്തിനെക്കുറിച്ച് അധ്യാപകരുടെ മാര്‍ഗ്ഗനിര്‍ദ്ദേശം സ്വീകരിച്ച് പ്രശ്നങ്ങള്‍ നികത്തുക എന്നതാണ് പ്രാധാനം. എന്നാല്‍ പരീക്ഷയ്ക്ക് മുമ്പ് നല്ലവണ്ണം എഴുത്ത് പരിശീലിക്കുകയും സമയത്തിന് എഴുതി പൂര്‍ത്തിയാക്കുകയും വേണം. എല്ലാ ടോപ്പേഴ്സും ശരാശരി നാല് മുതല്‍ പത്ത് ടെസ്റ്റുകള്‍ വരെ എഴുതി പരിശീലിച്ചിട്ടാണ് മെയിന്‍സ് പരീക്ഷയില്‍ പങ്കെടുക്കുന്നത്.
നിരൂപണങ്ങള്‍ വായിക്കണോ?
ക്ലാസ്സുകളില്‍ പങ്കെടുക്കുകയും കൃതികള്‍ പല തവണ വായിക്കുകയും ചെയുന്നുണ്ടെങ്കില്‍ കൃതികളുടെ നിരൂപണം നിര്‍ബന്ധമില്ല. പക്ഷേ, ഒരു കൃതിയെക്കുറിച്ചുള്ള ഒന്നോ രണ്ടോ നിരൂപണങ്ങള്‍ വായിച്ച് മനസ്സിലാക്കുന്നത് ഉത്തരമെഴുത്തില്‍ അഭിപ്രായരൂപീകരണത്തിന് സഹായിക്കും. നിരൂപണങ്ങളിലെ ചെറിയ ഉദ്ധരണികള്‍ ഉത്തരങ്ങള്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്.
എത്രമാത്രം ചോദ്യങ്ങള്‍ ആവര്‍ത്തിക്കാം?
ഒന്നാമത്തെ പേപ്പറിലെ സെക്ഷന്‍ എ ഭാഗത്തുനിന്ന് ചോദിക്കുന്ന ചോദ്യങ്ങള്‍ പലതും ആവര്‍ത്തനങ്ങളാവുകയാണ് പതിവ്. പേപ്പര്‍ രണ്ടിലും ചില ചോദ്യങ്ങള്‍ ആവര്‍ത്തിക്കും. ഏറെക്കുറെ എഴുപത് ശതമാനം ചോദങ്ങളും ആവര്‍ത്തനങ്ങള്‍ ആയിരിക്കും. ഇതിനാല്‍ തന്നെ മുന്‍ വര്‍ഷങ്ങളില്‍ ആവര്‍ത്തിച്ച് ചോദിച്ചിട്ടുള്ള ചോദ്യങ്ങള്‍ എഴുതി പരിശീലിക്കണം.
ഓപ്ഷണല്‍ പരീക്ഷയുടെ ഫോര്‍മാറ്റ് എന്താണ്?
ഒരു പേപ്പറിലെ രണ്ട് സെക്ഷനില്‍ നിന്നുമായി എട്ട് ചോദ്യങ്ങളുടെ സെറ്റ് ആണ് പരീക്ഷയില്‍ ഉണ്ടാവുക. ഒരോ സെക്ഷനിലേയും ഒരു സെറ്റ് നിര്‍ബന്ധമായും ഉത്തരമെഴുതേണ്ടതാണ്. പിന്നെയുള്ള ആറ് സെറ്റുകളില്‍ മൂന്നെണ്ണം മാത്രം തിരഞ്ഞെടുത്താണ് ഉത്തരം എഴുതിയാല്‍ മതിയാവും.
മലയാളം ഓപ്ഷണല്‍ പരീക്ഷയിലെ ചോദ്യങ്ങള്‍ക്ക് സമീപകാലത്ത് ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍ എന്താണ്?
കൃതികളില്‍ പരാമര്‍ശിക്കുന്ന സന്ദര്‍ഭങ്ങളെ ആസ്പദമാക്കി ചോദിക്കുന്ന ചോദ്യങ്ങള്‍ അടുത്തകാലത്തായി കൂടുതല്‍ കണ്ടുവരുന്നു. കൃതികള്‍ പല ആവര്‍ത്തി വായിക്കേണ്ടുന്നതിന്‍റെ ആവശ്യകതയിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്.
മലയാളം പഠിക്കുന്നതിനുള്ള പഠനസഹായികള്‍ എവിടെ കിട്ടും?
ക്ലാസ് നോട്ടുകള്‍ പഠനത്തിനുള്ള ആദ്യത്തെ സഹായി ആയി ഉപയോഗിക്കാം. ഒപ്പം ക്ലാസുകളില്‍ തരുന്ന മെറ്റീരിയലുകളുടെ വായനയില്‍ നിന്ന് കൂടുതല്‍ അറിവ് നേടുകയും ചെയ്യാം.
എന്തെല്ലാം പുസ്തകങ്ങളാണ് ഞാന്‍ വാങ്ങേണ്ടത്? അതൊക്കെ എവിടെ കിട്ടും?
പേപ്പര്‍ രണ്ടിലെ സെക്ഷന്‍ ബി യില്‍ ഉള്ള എല്ലാ പുസ്തകങ്ങളും വാങ്ങണം.അതായത് ഗദ്യകൃതികള്‍ എല്ലാം തന്നെ. മറ്റൊരു പുസ്തകവും തുടക്കത്തില്‍ വാങ്ങേണ്ടതില്ല. ഈ പുസ്തകങ്ങള്‍ എല്ലാം തന്നെ പ്രമുഖ ബുക്ക് ഷോപ്പുകളില്‍ നിന്ന് കിട്ടും. അവയെല്ലാം വാങ്ങിച്ച് വായനയും തുടങ്ങാം. എങ്ങനെ ഈ കൃതികള്‍ വായിക്കണമെന്ന് അറിയാന്‍ വീഡിയോ കാണുക (അതിനായി iLearn IAS മലയാളം ടെലിഗ്രാം ചാനല്‍ സന്ദര്‍ശീക്കുക).
പേപ്പര്‍ ഒന്നിലെ ആദ്യത്തെ ഭാഗങ്ങളെക്കുറിച്ചൊന്നും ഞാന്‍ കേട്ടിട്ട് പോലുമില്ല.അതൊക്കെ പഠിക്കാന്‍ ബുദ്ധിമുട്ടാകുമോ? വ്യാകരണം ഒക്കെ പഠിക്കേണ്ടി വരുമോ?
ഭാഷയുടെ ചരിത്രത്തെക്കുറിച്ചാണ് ഈ ഭാഗത്ത് പഠിക്കാനുള്ളത്. എല്ലാ കുട്ടികള്‍ക്കും ഈ ഭാഗങ്ങള്‍ അപരിചിതമായിരിക്കും. ഈ ഭാഗത്ത് പരാമര്‍ശിച്ചിട്ടുള്ള വിഷയങ്ങള്‍ക്കെല്ലാം തന്നെ നിശ്ചിതമായ ചോദ്യങ്ങളെ ചോദിക്കാറുള്ളൂ. ക്ലാസില്‍ പഠിപ്പിക്കുന്ന പോയന്‍റുകള്‍ മനസ്സിലാക്കി ഉത്തരത്തില്‍ കൊണ്ടുവന്നാല്‍ നല്ല മാര്‍ക്കും കിട്ടും. സാധാരണയായി എല്ലാവരും നല്ല മാര്‍ക്ക് സ്കോര്‍ ചെയ്യുന്നത് ഈ ഭാഗത്ത് നിന്ന് തന്നെയാണ്. വ്യാകരണസംബന്ധിയായ പഠനം ഇതിന് ആവശ്യമില്ല. ഓര്‍ക്കുക, ഭാഷയുടെ ചരിത്രമാണ് നമുക്ക് പഠിക്കാനുള്ളത്, മറിച്ച് ഭാഷാശാസ്ത്രമല്ല.
No comments:
Post a Comment