Written by: Shambunath Mohan
മലയാളനാടകത്തിൻെറ ശൈലീകൃത രീതികളെ ഉടച്ചുവാർത്ത നാടകകൃത്താണ് സി.ജെ തോമസ്. അദ്ദേഹത്തിൻെറ നാടകസങ്കൽപ്പത്തിൻെറ മികച്ച ദൃഷ്ട്ടാന്തമാണ് ക്രൈം നാടകം. നാടകരചനയുടെ പതിവുരീതികളെ നിരാകരിക്കുന്ന ഈ നാടകം നാടകനിഷേധനാടകം അഥവാ എതിർനാടകം എന്ന വർഗ്ഗീകരണത്തിന് പാത്രമായിട്ടുണ്ട്.
ലോകനാടകവേദിയിൽ നിന്ന് ഉൾക്കൊള്ളുകയും തൻെറ തന്നെ നാടകസങ്കൽപ്പങ്ങളെ കോർത്തിണക്കിയുമാണ് സിജെ ഈ കൃതിയുടെ നിർവഹണം നടത്തിയിരിക്കുന്നത്. അസംബന്ധ നാടകം എപിക് തീയേറ്റർ അനുഭാവിഷ്കരണ നാടകം(എക്സ്പ്രഷണലിസം) മൊണ്ടാഷ്, എബ്സ്ട്രാക്ഷൻ, തുടങ്ങിയ ആധുനിക നാടകതത്വങ്ങളിലെ സ്വാധീനം ക്രൈമിൽ കാണാനാകും. പ്രഹസനനാടകങ്ങളിൽനിന്ന് മോചനം തേടുന്ന മലയാള നാടകത്തിൻെറ സ്വാതന്ത്ര്യാനന്തര ഘട്ടത്തിൽ (1950 ന് ശേഷം) നടന്ന പാശ്ചാത്യസ്വാധീനപ്രവാഹമായിരിക്കണം ഇതിന് സിജിയെ പ്രേരിപ്പിച്ചത്. അച്ചടിയുടെയും വിവരസാങ്കേതികവിദ്യയുടെയും വളർച്ച ഇതിന് സഹായകരമായി.
ഒരു സാധരണ നാടകത്തിൽ പ്രേഷകനിരിക്കുന്നത് രണ്ടാമതൊരു തരത്തിലാണ്. എന്നാൽ ക്രൈമിൽ, രംഗത്ത് കോടതി വിചാരണ .നടക്കുന്നു, അതിൻെറ പ്രേഷകരായി ഗുരുവും ശിഷ്യനും നിലകൊള്ളുന്നു. നാടകം കാണാനെത്തിയ യഥാർത്ഥ പ്രേക്ഷകർ മൂന്നാമതൊരു തരത്തിലാണ്. കാണികൾക്ക് വേണ്ടിയുള്ള നാടകത്തിൽ കഥാപാത്രങ്ങൾ രണ്ടുപേരേയുള്ളു - ഗുരുവും ശിഷ്യനും ഇവരല്ലാതെ സ്റ്റേജിലെത്തുന്ന എല്ലാവരും ഗുരുവിൻെറ ആജ്ഞയ്ക്കനുസരിച്ച് ചലിക്കുന്ന ''പാവകളാണ്''. ഇങ്ങനെ റിയലസത്തിനെതിരെയുള്ള കലാപമായാണ് പുതിയ ശൈലികളും സങ്കേതങ്ങളും കടന്നുവരുന്നത്.
നാടകത്തിനുള്ളിലെ നാടകം ആണ് ക്രൈം. സ്ഥലകാലങ്ങളെ സൂചിപ്പിക്കുന്ന ഒന്നുമില്ലാത്ത ശൂന്യമായ രംഗവേദിയിലാണ് നാടകം ആരംഭിക്കുന്നത്. ഒന്നല്ല രണ്ടുകർട്ടനാണ് ഉള്ളത്. രണ്ടാമത്തേത് നാടകത്തിനുള്ളിലെ നാടകം കാണിച്ചുതരാൻ വേണ്ടിയാണ്.
ഗുരു: ''ഏയ് ഏയ് ആരുപറഞ്ഞു കർട്ടനുയർത്താൻ? അവന് തോന്നുമ്പോൾ കർട്ടനുയർത്തിയാൽ എനിക്ക് തോന്നുമ്പോൾ നാടകം കളിക്കും''.
ഇത് കേൾക്കുമ്പോൾ തന്നെ താൻ കാണാൻ പോകുന്നത് നാടകമാണെന്ന ധാരണ പ്രേക്ഷകനിൽ ഉളവാകുന്നു. ഇതിനുശേഷം ഗുരുവിൻെറ മരണസങ്കല്പം മനസ്സിലാകാത്ത ശിഷ്യനോട് ഗുരു ''പറഞ്ഞുതരുന്നത് കൊണ്ട് വിശേഷമില്ല കാണിച്ചുതരാം'' എന്നു പറഞ്ഞ് നാടകത്തിനുള്ളിലെ നാടകത്തിലേക്ക് ആനയിക്കുന്നു. തൻെറ 'പാവകളുടെ' നാടകത്തിൻെറ സംവിധായകനാകുന്ന ഗുരുവിനെയും നമുക്കിവിടെ കാണാം.
ഇങ്ങനെ പ്രേക്ഷകനിൽ താൻ നാടകം കണ്ടുകൊണ്ടിരിക്കുകയാണെന്നുള്ള ബോധം അനുനിമിഷം ഉണ്ടാക്കികൊടുക്കുകയാണ് സി.ജെ. ഹൃദയം കൊണ്ട് കഥാപാത്രങ്ങളുടെ മാനസികവ്യാപാരങ്ങളുമായി താദാത്മ്യം പ്രാപിക്കുന്നതിനുപകരം ബുദ്ധികൊണ്ടാണ് പ്രേക്ഷകൻ ഈ നാടകം ആസ്വദിക്കുന്നത്. ഇങ്ങനെ ബർത്തോൾഡ് ബ്രഹത്തിൻെറ എപിക് റിയലിസത്തിൻെറ സ്വാധീനം ഈ നാടകത്തിൽ സ്പഷ്ടമാണ്. പ്രേക്ഷകരംഗവേദിയിലെ നാടകത്തിൻെറ നിരീക്ഷകനായി വർത്തിക്കുകയാണിവിടെ.
നാടകത്തിൽ പല കഥാപാത്രങ്ങൾക്കും പേരുകളില്ല. പകരം അവർവഹിക്കുന്ന സ്ഥാനമോ പദവിയോ ആണ് അവരെ വിളിക്കാൻ ഉപയോഗിച്ചിട്ടുള്ളത്. - വക്കിൽ, ജഡ്ജി, ഗുരു,ശിഷ്യൻ. ഇത് അനുഭവാവിഷ്കരണ നാടകശാസ്ത്രത്തിൻെറ രീതിയാണ്. (എക്‌സ്പ്രഷണലിസം) കഥാപാത്രങ്ങൾ പരസ്പരം വേഷം മാറികളിക്കുന്നതും ('റൈഡ് പ്ലേ') ഈ നാടകത്തിൻെറ പ്രത്യേകതയാണ്. ജഡ്‌ജി പ്രതിയും, ചക്കി പ്രോസിക്യൂട്ടറുമായി മാറുന്നത് നാം കാണുന്നു. രംഗവേദിയിലെ യാഥാർഥ്യവും ഭ്രമാത്മകതയും ഇടകലർന്ന് മറ്റൊരു അതിയാഥാർഥ്യമായി (സൂപ്പർ റിയാലിറ്റി) ഇവിടെ മാറുന്നു.
സാമുവൽ ബക്കറ്റ്, യൂജിൻ അയ്‌നോസ്‌കോ തുടങ്ങിയ നാടകരചയിതാക്കൾ സ്വീകരിച്ച അസംബന്ധനാടകവേദിയും ക്രൈമിനെ സ്വാധീനിച്ചതായി കാണാം. മർക്കോസിൻെറ മരണത്തിനു പിന്നാലെ നടക്കുന്ന കോലാഹലങ്ങളുടെ ഒടുവിൽ ജീവനോടെ തിരിച്ചുവരുന്ന മർക്കോസ് ഇതിന് ദൃഷ്ടാന്തമാണ്. അനർത്ഥകാരമാകുന്ന ഈ മരണം കഥയുടെ ഇതിവൃത്തത്തിന് സുഘടിതന്യം നിഷേധിക്കുന്നു. ഇതിവൃത്തോധിഷ്ഠിതമാകണം നാടകാവതരണം സങ്കൽപ്പം നിഷേധിക്കുന്ന മൊണ്ടാഷ് തത്വവും ഇവിടെ കാണാം.
മർക്കോസും വർക്കിയും കഥാപാത്രങ്ങളെന്നതിലുപരി 'മരണം' എന്ന ആശയപ്രപഞ്ചത്തെ ഉൾകൊള്ളുന്ന അന്തരീക്ഷം മാത്രമായാണ് നാടകത്തിൽ കാണുന്നത് അതുപോലെ മാധ്യമധർമ്മത്തിൻെറയും നീതിന്യായവ്യവസ്ഥയുടെയും അന്തരീക്ഷമായി വർണിക്കുകയാണ് പത്രപ്രവർത്തകരും കോടതിജീവനക്കാരും. എബ്സ്ട്രാക്ഷൻ എന്ന സങ്കേതമാണ് ഇവിടെ വ്യക്തമാകുന്നത്.
ഇങ്ങനെ വ്യത്യസ്തമായ ശൈലി- രൂപ വ്യവസ്ഥയിലൂടെ തൻെറ നാടകസങ്കൽപ്പം ജനപ്രിയമാക്കുകയാണ് സി.ജെ. പടിഞ്ഞാറൻ നാടുകളോട് നല്ല പരിചയം ഉണ്ടായിരുന്ന സി.ജെ. അപ്രകാരം ഒരു പരീക്ഷണത്തിന് മുതിർന്നത് സ്വാഭാവികമാണ്. അതിൽ അദ്ദേഹം നേടിയ ഭാസുരമായ വിജയം അനുമോദനാർഹമാണ്. ലോകത്തെ സ്റ്റേജായി കണ്ട ഷേക്സ്പിയർ ദർശനത്തിൽ നിന്ന് മാറി സ്റ്റേജിനെ ലോകമാക്കുകയാണ് ഈ മഹാരഥൻ.
No comments:
Post a Comment