Thursday, December 19, 2019

രാമചരിതം

Written by: Anuroop Sunny

കാലാനുവർത്തിയായ രചനകൾ ഒരു ഭാഷയെ സംബന്ധിച്ചടത്തോളം അപൂർവ്വമായിരിക്കും. അത്തരം രചനകൾ മനുഷ്യമനസ്സിൻെറ സ്ഥായിയായ ഭാവങ്ങളേയും വികാരങ്ങളേയും സ്പർശിക്കുകയും സാഹിത്യത്തിന് നിർണായകമായ ദിശാബോധം നൽകുകയും ചെയ്യും. സർഗ്ഗാത്മകതയും ഭാവനയും ഭാഷാപ്രാവീണ്യവും ഔചിത്യബോധവും സിദ്ധിച്ച ഒരു കവിക്കേ അങ്ങനെയൊരു സൃഷ്ടിക്ക് ജന്മം നല്കാനാകൂ. ചീരാമൻെറ രാമചരിതം അത്തരത്തിലൊന്നാണ്.

പന്ത്രണ്ട്, പതിനാല് നൂറ്റാണ്ടുകൾക്കിടയിലാണ് രാമചരിതം രചിക്കപെട്ടതെന്ന് ഉള്ളൂരും ഇളംകുളവും കൃഷ്ണപിള്ളയും അഭിപ്രായപ്പെടുന്നു. കൃതിയെ സഹൃദയശ്രദ്ധയിൽ അവതരിപ്പിച്ചത് ഹെർമൻ ഗുണ്ടർട്ടാണ്. അദ്ദേഹത്തിൻെറ മലയാളനിഘണ്ടുവിലെ മുഖവരയിൽ മലയാളത്തിലെ ആദ്യകൃതിയാണ് രാമചരിതം എന്ന് വ്യക്തമാക്കുന്നു. ഉള്ളൂരും ഇളംകുളവും വാദഗതിയെ ശരിവയ്ക്കുകയും ചെയ്യുന്നു. കൂടാതെ മലയാളഭാഷയിലെ ആദ്യകൃതി എന്നതിൽ മാത്രമൊതുങ്ങുന്നില്ല രാമചരിതത്തിൻെറ ഖ്യാതി. പാട്ട് സാഹിത്യത്തിൻെറ എല്ലാ ലക്ഷണങ്ങളോടുംകൂടിയ ഏക കൃതിയും രാമചരിതമാണ്.

164 പടലങ്ങളിലായി 1814 പാട്ടുകൾ അടങ്ങിയ രാമചരിതം വാല്മീകിരാമായണത്തെയാണ് ഇതിവൃത്തത്തിനായി അവലംബിച്ചിരിക്കുന്നത്. മലനാട്ട് തമിഴിനാണ് പ്രാമുഖ്യമെങ്കിലും തമിഴും സംസ്‌കൃതവുമൊക്കെ സന്ദർഭോചിതമായി ഉപയോഗിച്ചിട്ടുണ്ട്. 'നിചിചരാതിപതി', 'മൈതിലി', 'അരി', 'പോകിപോകചയനാ', 'ചെനകൻ', 'അകുതി', തുടങ്ങിയ സംസ്കൃതപദങ്ങൾ തത്ഭവങ്ങളാക്കി മാറ്റി ദ്രാവിഡസംഘാതാക്ഷരങ്ങളിൽ പ്രയോഗിച്ചിരിക്കുന്നു. മലനാട്ടു തമിഴിൻെറ 30 അക്ഷരങ്ങളിൽ ഏത് ഭാഷയും വഴങ്ങുമെന്ന് കവി തെളിയിക്കുകയായിരുന്നു. പക്ഷെ വാചൊല്ലാലും തിചൈചൊല്ലാലും 'പൈമ്പാൽ പൊരുതും' മൊഴികളാൽ മലനാട്ടുതമിഴിൻെറ മാധുര്യം കവി കാത്തുസൂക്ഷിച്ചിട്ടുണ്ട്. അതുകൊണ്ടാവാം കെ. എൻ എഴുത്തച്ഛൻ തനിമലയാളത്തിൻെറ ചട്ടക്കൂട്ടിൽ വാർന്നുവീണ ക്ലാസിക് മഹാകാവ്യമാണ് രാമചരിതം എന്നഭിപ്രായപെട്ടത്.

അതിമനോഹരമായ സുന്ദരകാണ്ഡത്തെപ്പോലും പരിഗണിക്കാതെ രാമായണത്തിലെ യുദ്ധകാണ്ഡത്തെയാണ് കവി ഇതിവൃത്തമായി തിരഞ്ഞെടുത്തിരിക്കുന്നത്. ചടുലതക്കും വായനാക്ഷമതക്കും സാധാരണക്കാരിലേക്ക് എളുപ്പം എത്തിച്ചേരാൻ രാമരാവണയുദ്ധത്തിൻെറ ചിത്രീകരണം തന്നെ വേണം. പക്ഷെ വ്യക്തമായ ചരിത്രപശ്ചാത്തലം ഇത്തരമൊരു തെരഞ്ഞെടുപ്പിന് പ്രേരിപ്പിച്ചിരിക്കാം. ചേരചോളയുദ്ധം ഒരു പതിവ്ചര്യയായപ്പോൾ അതിൽ പങ്കെടുക്കുന്ന സാധരണക്കാരായ പട്ടാളക്കാരുടെ വീര്യവും ഊർജവും ഉണർത്താൻ യുദ്ധകാണ്ഡത്തിനാവും. കേവലം വരുന്ന വാനരപ്പട 'ചെകങ്കളേഴും ഉലയിക്കുമനിചാപരവരനെ' പരാജയപെടുത്തുന്നതിൽ   കാട്ടിയ പോരും വീര്യവും പടയാളികളെയും ഉണർത്താതിരിക്കില്ല. കൂടാതെ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഏകതാനത മനോഹരമായി ദൃശ്യമാവുന്നത് യുദ്ധകാണ്ഡത്തിലാണ്.

മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സഹവർത്തിത്വത്തിൻെറ ചിത്രങ്ങളാലും പ്രകൃതിവർണനകളാലും സമൃദ്ധമാണ് രാമചരിതം. 'തിരയാഴിയും', 'അലയാഴിയും' മറികടന്നുപോകുന്ന ഹനുമാനെ വർണിക്കുമ്പോൾ പ്രകൃതിയിലെ ക്ഷോഭവും വന്യതയുമൊക്കെ ഉചിതമാം വണ്ണം യുദ്ധകാണ്ഡത്തിൻെറ വീരഭാവത്തിന് മാറ്റുകൂട്ടുന്നു. 'അടിയിണക്കമലതാർ', തേനുലാവിന പതങ്കൾ തുടങ്ങിയ നിരവധി ഉപമകളെല്ലാം പ്രകൃതിയെ ആധാരമാക്കിയാണ് പ്രതിപാദിച്ചിരിക്കുന്നത്. രാമായണം പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സഹവർത്തിത്വത്തിൻെറ കഥകൂടിയാണ്. അതുകൊണ്ടുതന്നെ രാമചരിതത്തിലും പ്രകൃതിയും അതിൻെറ വർണനകളും സജീവസാന്നിദ്ധ്യമാകുന്നതിൽ അത്ഭുതമില്ല.

പാട്ടിലുടനീളം പ്രകൃതിവർണനകളും ഉപമകളും ഔചിത്യപൂർവം വിന്യസിക്കുന്ന കവിയുടെ വർണ്ണനയിലെ മികവും കഴിവും കൃഷ്ണവർണ്ണനയിലും എടുത്തുകാണാം. ആയർമകനും മാരിവന്തതൊരു മാമലയെടുത്തു തടയുന്ന മായനുമായ കൃഷ്ണൻ ജനകീയനും കോമളനും ശക്തനുമാണ്. കൃഷ്ണനെ ബോധപൂർവം പാട്ടിൽ സന്നിവേശിപ്പിച്ചിരിക്കുന്നത് സൗന്ദര്യം വർദ്ധിപ്പിക്കുകമാത്രമല്ല, അതിനെ പൊതുഭാവനയോട് താദാത്മ്യപ്പെടുത്തുക കൂടി ചെയ്യുന്നു. പാർവതിയുടേയും ലക്ഷ്മിദേവിയുടേയും സരസ്വതിയുടേയും സൗന്ദര്യത്തെ ഒട്ടും കുറയ്ക്കാതെയും എന്നാൽ മുഴുപ്പിച്ചുകാട്ടാതെയും മിതത്വത്തോടെ ചീരാമൻ അവതരിപ്പിക്കുന്നു.

കവിയുടെ വർണ്ണനാപാടവത്തിൻെറ ഔന്നിത്യം വെളിവാകുന്നത് വർണനകളെ ബുദ്ധിപൂർവം രൂപഭാവങ്ങളുടെ സമന്വയത്തിനായി ഉപയോഗിച്ചിരിക്കുന്നതിലാണ്. ആദ്യപാട്ടിൽ തന്നെ 'ആനന്ദം വടിവുള്ളാന വടിവായവതരിച്ച' ഗണപതിയെ വന്ദിക്കുമ്പോൾ തന്നെ മറൈന്താന പൊരുളിനെ വണങ്ങാനും കവി മറക്കുന്നില്ല. കൂടാതെ ശിവൻ കാടിൻെറ വന്യതയിൽ കളിച്ചാർക്കുന്ന കളിവുമാണ്. ശിവനെകുറിച്ചും ഗണപതിയെക്കുറിച്ചുമുള്ള വർണനകൾ ഭയഭക്തിഭാവം അനുവാചകരിൽ ഉണർത്തുമ്പോൾതന്നെ ഈശ്വരസാന്നിദ്ധ്യത്തെ മറൈജ്ഞാന പൊരുളായി രൂപവൽക്കരിക്കുകയും ചെയ്യുന്നു. ഒരേ സമയം രൂപം ഭാവത്തെ ജനിപ്പിക്കുകയും ഭാവത്തെ രൂപമാക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ രൂപഭാവങ്ങളുടെ സവിശേഷ സമന്വയം കവിതയിൽ പ്രകടമാണ്.

പാട്ടിൻെറ മറ്റുചില പ്രേത്യേകതകളും ചുരുക്കി പ്രസ്താവിക്കേണ്ടിയിരിക്കുന്നു. 'അടിയിണക്കമലതാർ', 'മാഴനീഴർ  മിഴിയെ മൈതിലിയെ' തുടങ്ങിയ പദപ്രയോഗങ്ങൾ മിതത്വപൂർവ്വവും ലളിതവുമായ അലങ്കാരങ്ങൾക്ക് സാക്ഷ്യം നിൽക്കുന്നു. കുഴലീ, നുതലീ, കഴലീ എന്ന് പാർവതിയെ വർണിക്കുമ്പോഴുള്ള ശബ്‌ദ മാധുരിമയും എടുത്തുപറയേണ്ടതാണ്. ദേവീദേവന്മാരെ യഥാവിധം വന്ദിക്കുകയും കവിവര്യന്മാരെ വണങ്ങുകയും യുദ്ധകാണ്ഡത്തിൻെറ കഥാപശ്ചാത്തലം രണ്ടു പാട്ടുകളിൽ സംഗ്രഹിച്ചൊതുക്കുകയും ചെയ്യുന്ന കവി കാവ്യഘടനയിൽ അങ്ങേയറ്റം ഔചിത്യബോധവും സംഗ്രഹണപാടവവും പ്രകടമാക്കുന്നു

പാട്ടിൻെറ സൗന്ദര്യഗുണങ്ങൾക്കും സാഹിത്യമേന്മയ്ക്കുമപ്പുറം രാമചരിതകാരനെ ശ്രേദ്ധേയമാക്കുന്നത് സാഹിത്യം സാധരണക്കാരനായി എഴുതപ്പെടണമെന്നുള്ള അദ്ദേഹത്തിൻെറ ഉറച്ചബോധ്യമാണ്. ഉയർന്നവിഭാഗക്കാരുടെ ആനന്ദോപാധിയായി ശുഷ്കിച്ചുപോയ കവിതയെ 'ഊഴിയിൽ ചെറിയവർക്കുരചെയ്യുവാൻകവി സന്നദ്ധനാകുന്നു. സമൂഹത്തിലെ വ്യത്യസ്തതകളെ അംഗീകരിക്കാനും വ്യത്യസ്തതകളിൽ നിന്ന് ഉടലെടുക്കുന്ന ദേവീദേവ സങ്കൽപങ്ങളെ വണങ്ങാനും കവി മറക്കുന്നില്ല. തൻെറ കവിത ഏവരിലേക്കും ഉച്ചനീചവ്യത്യാസങ്ങളില്ലാതെ എത്തിച്ചേരണമെന്നുള്ള ആഗ്രഹപ്രകടനം തന്നെ അക്കാലത്തെ കാവ്യവ്യവസ്ഥയിൽ ഒരു വിപ്ലവമായിരുന്നു.


ഭാഷയുടെ സവിശേഷതകളെക്കുറിച്ചുകൂടി പരാമർശിക്കേണ്ടിയിരിക്കുന്നു. മലനാട്ടുതമിഴിൻെറ തനിമ നിലനിർത്തികൊണ്ട് ദ്രാവിഡസംഘാതാക്ഷരങ്ങളിൽ, കേവലം 30 അക്ഷരങ്ങളിലാണ് രചന. അനുനാസികാതിപ്രസരം വരാത്ത രൂപങ്ങളും സ്വരസംവരണം വരാത്ത വാക്കുകളും താലവ്യവാദേശം വരാത്ത വാക്കുകളും നിരവധിയുണ്ട്. 'മൊഴിന്തനൻ', 'അറൈപ്ലർ' തുടങ്ങിയ പുരുഷഭേദനീരാസം വരാത്ത രൂപങ്ങളും 'കളിർ', 'അരുവൈ' തുടങ്ങിയ പ്രാചീനപദങ്ങളും രാമചരിതത്തിൻെറ ഒന്നാം പടലത്തിലുണ്ട്. ഏതുക മോന പ്രാസവും സംസ്‌കൃതശ്ലോകങ്ങളിൽനിന്ന് വിഭിന്നമായ വൃത്തഘടനയും പാട്ടിനുണ്ട്. അതുകൊണ്ടുതന്നെ ദ്രാവിഡസംഘാതാക്ഷരനിബദ്ധ മെതുകമോന വൃത്തവിശേഷയുക്തം പാട്ട്' എന്ന നിർവചനത്തോട് പൂർണമായി നീതി പുലർത്തിയ ഏക കൃതി കൂടിയാകുന്നു രാമചരിതം.


No comments:

Post a Comment