Sunday, April 19, 2020

മാരാരുടെ ധർമ്മചിന്തകൾ

-'ഭീഷ്‌മരുടെ ധർമ്മ നിശ്ചയം' അധികരിച്ച്
Written by Swetha Mohan


WINDOW OF KNOWLEDGE: KUTTIKRISHNA MARARമഹാഭാരതത്തിലെ പ്രധാന കഥാസന്ദർഭങ്ങളെ ആഴത്തിൽ വിശകലനം ചെയ്യുന്ന കുട്ടിക്കൃഷ്ണ മാരാരുടെ ശ്രദ്ധേയമായ കൃതിയാണ് 'ഭാരതപര്യടനം'. മഹാഭാരതത്തിൽ നിന്ന് അടർത്തിയെടുത്ത പതിനെട്ട് കഥാസന്ദർഭങ്ങളാണ് അദ്ദേഹം പഠനത്തിന് തെരഞ്ഞെടുത്തത്. അവയിൽ ഓരോന്നിലും മറ്റാരും കാണാത്ത പുതിയ അർത്ഥഭാവതലങ്ങൾ മാരാർ കണ്ടെത്തുന്നു.

അതിൽത്തന്നെ ധാരാളം പ്രമേയങ്ങൾ ഭാരതപര്യടനത്തിൽ നിന്നും കണ്ടെടുക്കാനാവും - മഹാഭാരതകഥയുടെ രാഷ്ട്രീയ സാധ്യതകൾ, സാമൂഹിക അർത്ഥമാനങ്ങൾ, ഭൂതകാല സങ്കല്പ്പവും വർത്തമാനകാല യാഥാർത്ഥ്യവും.  ഇവയിലെല്ലാം മാരാരെ നിരന്തരം അലട്ടുന്നതും കൃതിയിൽ ഉടനീളം കാണുന്നതുമാണ് അദ്ദേഹത്തിൻെറ ധർമ്മസങ്കല്‌പം.

മാരാരുടെ ഇതിഹാസ വിമർശനം അന്വേഷിക്കുന്നത് ധർമ്മമെന്ന പ്രത്യയശാസ്ത്രത്തിന്റെ സാധ്യതകളാണ്. അർത്ഥം, കാമം, മോക്ഷം എന്നീ പുരുഷാർത്ഥങ്ങളെ ധർമ്മപ്രശ്‌നത്തോട് ചേർത്ത് വെച്ചാണ്‌ മാരാര്‍ ചർച്ച ചെയ്യുന്നത്. എത്രയും ധർമ്മിഷ്ഠരെന്ന് ചരിത്രം ഉദ്ഘോഷിക്കുന്നകഥാപാത്രങ്ങളൊക്കെത്തന്നെയും അത്യന്തം ആശയകുഴപ്പത്തിലകപ്പെടുന്ന സന്ദർഭങ്ങൾ നിരവധിയുണ്ട് മഹാഭാരതത്തിൽ. അവയിൽ, ഭർത്താക്കന്മാരുടെ ഭീരുത്വം മൂലം കുരുസഭയിൽ അപമാനിക്കപ്പെടുകയും അതൊരു ധാർമ്മികാനുഭൂതിയായി സഹിച്ചുകൊള്ളാൻ വിധിക്കപ്പെടുകയും ചെയ്ത പാഞ്ചാലിയുടെഅവസ്ഥാവിപര്യം മാരാർ ചർച്ച ചെയ്യുന്നത് 'ഭീഷ്മരുടെ ധർമ്മ നിശ്ചയം'' എന്ന അദ്ധ്യയത്തിലാണ്.

കള്ളച്ചൂതിൽ പരാജിതരായി പണയപ്പെട്ട് നിൽക്കുന്ന പാണ്ഡവരെ തീർത്തും മാനം കെടുത്തുന്നതിനായി ചമയ്ക്കപ്പെട്ട പാഞ്ചാലിയുടെ വസ്ത്രാക്ഷേപമാണ് പ്രസ്തുത അദ്ധ്യായത്തിലെ കഥാതന്തു. ഭീക്ഷ്മദ്രോണ വിദുരകൃപാദികൾ ഉൾപ്പെടെ വിദ്വാന്‍മാരും ഗുരുക്കന്മാരും ധൃതരാഷ്ട്രർ ഉൾപ്പെടെയുള്ള രാജാക്കന്മാരും അടങ്ങിയ സദസ്സിലേക്ക് രജസ്വലയായിരുന്നിട്ടും ഏകവസ്‌ത്രയായപാഞ്ചാലിയെ ദുശ്ശാസനൻ വലിച്ചിഴച്ചു കൊണ്ടിടുന്നതാണ് സന്ദർഭം. ഈ സന്ദർഭത്തിൽ മാനരക്ഷാർത്ഥം പാഞ്ചാലി ഉന്നയിക്കുന്ന ധർമ്മപ്രശ്നത്തിന് - താൻ പണയവസ്തു ആണോ അല്ലയോ എന്നും, അടിമയോ സ്വാതന്ത്രയോ, എന്നും -ജ്ഞാനികളെല്ലാം തന്നെ മൗനമവലംബിക്കുകയോ അല്ലെങ്കിൽ ഭീഷ്മർ പറഞ്ഞ പോലെ, '' ധർമ്മം സൂക്ഷ്മമായതുകൊണ്ട് നിൻെറ ചോദ്യത്തിന് മറുപടി പറയാൻ ഞാനാളല്ല'' എന്ന് പറഞ്ഞൊഴിയുകയോ ചെയ്യുകയാണുണ്ടായത്.

കോപാകുലനായി മുച്ചൂടും മുടുപ്പിക്കാൻ തയ്യാറായി നിന്ന ഭീമസേനൻ പോലും പറയുന്നത് ജ്യേഷ്‌ഠഭക്തി കാരണം തന്റെ കൈകൾ ധർമ്മപാശം കൊണ്ട് ബന്ധിക്കപ്പെട്ടിരിക്കുന്നുവെന്നാണ്.

ഇങ്ങനെ ഉത്തരംമുട്ടി നിൽക്കുന്ന കഥാസന്ദർഭത്തിന് മാരാർ തന്റേതായ വിശദീകരണം നൽകുന്നുണ്ട്. എത്ര ധാർമ്മിഷ്ഠനായാലും അയാൾ ബലവാനല്ലെങ്കിൽ, തന്റെ വാക്കിൽ ഉറച്ചു നിൽക്കാൻ പ്രാപ്‍തിയുള്ളവനല്ലെങ്കിൽ, ആ ധർമ്മം പ്രവർത്തിക്കാൻ കഴിയാതെ വരുമെന്ന് ഉദാഹരണസഹിതം വ്യക്തമാക്കുന്നു.

എത്ര ജ്ഞാനികളായിരുന്നിട്ടും കുരുസഭയിലുണ്ടായിരുന്ന ആരും ബലവാനായ ദുര്യോധനനോടുള്ള ഭയം മൂലം അയാളെ എതിർത്തില്ല. എന്നാൽ ഒരു നിമിഷം യുധിഷ്ഠിരൻ തന്റെ നിലപാട് വ്യക്തമാക്കി, ശക്തമായി ദുര്യോധനനെതിരെ ശബ്‌ദമുയർത്തിയിരുന്നുവെങ്കിൽ ഭീഷ്മർ അടക്കമുള്ളവർ പാഞ്ചാലിക്കെതിരെ നടന്ന അന്യായത്തിന് മൗനമവലംബിക്കുമായിരുന്നില്ല; എന്നുമാത്രമല്ല അത്തരം ഒരു സന്ദർഭം ഉണ്ടാകാനും ഇടയില്ല. ആയതിനാൽ, യുധിഷ്ഠരന്റെ സത്യനിഷ്ഠ ബലഹീനമാണെന്നും സ്വപത്നിക്ക് ആപത്ത് സംഭവിക്കുമ്പോൾ ആ അധർമ്മത്തെ എതിർത്ത്, അവളെ സുരക്ഷിതയാക്കാതെ തല കുമ്പിട്ടിരുന്ന് ധർമ്മാധർമ്മ ചിന്തകളിലാണ്ട് ഒതുങ്ങുന്ന അകർമ്മണ്യതയാണ് ഇവിടെ അധര്‍മ്മം.   ''നേശേ ബലസ്യേതി ചരേതി ധർമ്മം'' എന്ന സംസ്കൃതവാക്യത്തിൻെറ അർത്ഥവും ഇതാണെന്ന് മാരാർ അഭിപ്രായപ്പെടുന്നു.

മാത്രമല്ല, ചില പരിസ്ഥിതികളിൽ ഇന്നത് ധർമ്മം, ഇന്നത് അധർമ്മം എന്ന് നിർണ്ണയിക്കുക എളുപ്പമല്ല. അതുകൊണ്ട് ''ധർമ്മസ്യ ഗഹനാ ഗതി: '' - 'ഒരാത്യന്തികഘട്ടം വരുമ്പോൾ ധർമ്മാധർമ്മ ചിന്തയിൽ കാലം കളയാതെ യാഥാർത്ഥ്യം കണ്ടറിഞ്ഞ് കാലദേശോചിതമായി കാര്യം നടത്തുവാൻ സന്നദ്ധതയുണ്ടാവുകയാണ് മനുഷ്യനായാൽ വേണ്ടത്'.  അതിന് ത്രാണിയുള്ളതാർക്കോ അയാൾ പറയുന്നതുതന്നെയാണ് ധർമ്മമെന്ന് മറ്റുള്ളവർ സമ്മതിച്ചുകൊള്ളുമെന്നും മാരാർ പ്രസ്താവിക്കുന്നു.

അങ്ങനെ, ദുര്യോധനന്റെ മാപ്പർഹിക്കാത്ത കുത്സിതപ്രവൃത്തിയേക്കാൾ മോശമാണ് പാണ്ഡവരുടെ അകർമണ്യത എന്നും മാരാര്‍ കൂട്ടിചേര്‍ക്കുന്നു. ധർമ്മം പ്രവർത്തിക്കുന്നതിന് എത്രത്തോളം  ആശങ്കകളുണ്ടെങ്കിലും പരമമായ ഒരു ധർമം ഏതോ ഗുഹക്കുള്ളിൽ ഗോപ്യമായിരിക്കുകയാണെന്നും, അതിൻെറ സമയമാകുമ്പോൾ, ഇന്നല്ലെങ്കിൽ നാളെ , അത് പുറത്തു വരികതന്നെ ചെയ്യുമെന്നുള്ള ധർമ്മചിന്തയും മാരാര്‍ അടിവരയിടുന്നു. 






No comments:

Post a Comment