Written by Thasni Shanavas
മാനവവ്യഥയുടെയും ശാന്തിയുടെയും വിവിധ ഭാവങ്ങൾ സ്ഫുരിക്കുന്ന അയ്യപ്പപ്പണിക്കരുടെ കവിതയാണ് കുരുക്ഷേത്രം.വ്യത്യസ്തമായ പേരിനൊപ്പം ബഹുതലസ്പർശിയായ അതിന്റെ രൂപഭാവവും മലയാളകവിതയ്ക്ക് നൂതനമായ ആശയമാണ് നൽകുന്നത്. നവീതയിലേക്ക് മലയാളിയെ കൂട്ടിക്കൊണ്ടു പോകുന്ന കുരുക്ഷേത്രം വ്യത്യസ്തങ്ങളും പരസ്പര പൂരകങ്ങളുമായ ഭാവഭേദങ്ങളിലേക്കാണ് കടക്കുന്നത്.
"മാമകാപാണ്ഡവശ്‌ചൈവ
കിമുകുർവ്വത സഞ്ജയ:"
എന്ന സ്വാർത്ഥചിന്തയിൽ ആരംഭിക്കുന്ന കവിത മാനുഷികതയെ ബാധിച്ചിരിക്കുന്ന കച്ചവടമനോഭാവത്തെ ചൂണ്ടിക്കാണിക്കാൻ കവി ഉപയോഗിക്കുന്നു. ആ മനോഭാവത്തിൽ കവിയ്ക്ക് തോന്നുന്ന 'ദ്വേഷം' ആണ് ആദ്യ ഭാവം.
"തങ്ങളെത്തന്നെ വിൽക്കുന്നു വീണ്ടും
തങ്ങൾ തന്നെ വിലപേശിനിൽപ്പൂ"
എന്ന വരികളിൽ കാണാം.
തന്റെ ദ്വേഷം അവജ്ഞയിലേക്ക് വഴിമാറുമ്പോൾ കവി മാനവികതയിൽ തനിക്ക് വിശ്വാസം നഷ്ടപ്പെടുന്നതായി പ്രകടിപ്പിക്കുന്നു. മാനുഷികതയിൽ കവിക്ക് നിരാശ തോന്നുന്നതായി ഇവിടെ അനുഭവപ്പെടുന്നു.
എന്നാൽ അറിയാതെ തന്നെ മനുഷ്യസൗന്ദര്യത്തിൽ വിശ്വസിച്ചുപോകുന്ന കവിയെയാണ്
"ഇടയിടെ നീലക്കണ്മണിയിടറിയ,
ചെറുപ്പാവാടപ്പെണ്മണികൾ "
എന്ന വരികളിൽ കാണുന്നത്.
ആദ്യഭാഗത്തിൽ തന്നെ സ്ഫുരിക്കുന്ന വ്യത്യസ്തഭാവങ്ങൾ കവിഭാഷയുടെ ബാഹുല്യം സൂചിപ്പിക്കുന്നതാണ്.
സഗുണനിർഗ്ഗുണ വീര്യപ്രപഞ്ചത്തെപ്പറ്റി സംസാരിക്കുന്ന കവി വീര്യം കാട്ടുന്നു. ഭാഷയിലെ സ്വച്ഛന്ദതയും വികാരങ്ങളുടെ ഈടുറപ്പും ഇവിടെ വിസ്മയിപ്പിക്കുന്നതാണ്.
പ്രസവം കഴിഞ്ഞാൽ വേദനകൾ ഒഴിഞ്ഞോ എന്നു ചോദിക്കുമ്പോൾ തന്റെ പരിഹാസം മറച്ചു വെയ്ക്കാൻ ശ്രമിക്കാത്ത കവിയെയും ഇവിടെ കാണാം. ഇവിടെ കവിത നവീനതയുടെ പുതിയ മാനങ്ങളിലേക്ക് കടക്കുന്നു.തന്റെ നിരാശയും വിശ്വാസമില്ലായ്മയും എന്നാൽ കവിയെ തളർത്തുന്നില്ല.
പ്രതീക്ഷാനിർഭരമായ ഒരു ഭാവിയിലേക്ക് ചുവടുവെയ്ക്കാൻ കവി മനുഷ്യന് മാർഗ്ഗം നൽകുകയാണ്.സ്വപ്നം കാണുക എന്ന ആഹ്വാനം കവി നടത്തുന്നത്, കവിയുടെ ഉള്ളിലെ മാനവികതയിലുള്ള അടിയുറച്ച വിശ്വാസം ആണ് കാണിക്കുന്നത്.
ഇത്തരത്തിൽ നവ്യമായ ഒരു കാവ്യാനുഭൂതി സൃഷ്ടിക്കാൻ കവി വ്യത്യസ്തഭാവങ്ങൾ ഉപയോഗിക്കുന്നു.ഇവയെ സാധൂകരിക്കാൻ കവിഭാഷയിൽ ഉപയോഗിച്ചിരിക്കുന്ന ബിംബങ്ങളും കുരുക്ഷേത്രം എന്ന കവിതയെ വ്യത്യസ്തമാക്കുന്നു.
ക്രിസ്തീയ വിശ്വാസം,ഹിന്ദുവിശ്വാസം,എന്നിവ മതങ്ങളുടെ തെളിവായി ഉപയോഗിക്കുന്ന കവി,ഇവിടെ ഒരു കാലഘട്ടത്തിനും തന്റെ കാവ്യത്തെ ഖണ്ഡിക്കാൻ അനുവാദം നൽകുന്നില്ല.രാമായണം,മഹാഭാരതം,ഗ്രീക്കുപുരാണം,ചാണക്യസൂത്രം എന്നിവയിലൂടെ മുന്നേറി തന്റെ അന്വേഷണോത്സുകതയെ കവി ത്രസിപ്പിക്കുന്നു.
ഒടുവിൽ പ്രതീക്ഷയുടെ പ്രതീകങ്ങളായി ഗാന്ധിജിയെയും ബുദ്ധനെയും കവി പ്രതിഷ്ഠിക്കുന്നു.കാൽവരിക്കുന്നിലെ കഥയ്ക്കും അപ്പുറമാണ് ജീവിച്ചിരുന്ന മനുഷ്യന്റെ നന്മയെന്ന് കവി ഇവിടെ സ്ഥാപിക്കുന്നു.
ഇത്തരത്തിൽ ബിംബകല്പനയിലൂടെ അദ്വൈതസിദ്ധാന്തം സ്ഥാപിച്ച കവി നക്ഷത്രവീര്യത്തെ ഉൾക്കൊള്ളാൻ സ്വയം ശ്രമിക്കുകയാണ്. പ്രതീക്ഷാനിർഭരമായ ആ ആഹ്വാനം വായനക്കാരന്റെ ഉള്ളിലും അലയടിക്കുന്നു. ഭാവങ്ങളുടെ വിസ്ഫോടനം സമ്മാനിച്ച കുരുക്ഷേത്രം അഞ്ച് ഖണ്ഡങ്ങളിലായി തീർത്ത ധർമാധർമ്മയുദ്ധമാണ്.
No comments:
Post a Comment