Friday, December 27, 2019

ചെറിയ ചെറിയ ഭൂകമ്പവും യക്ഷികളും

Written by Fathima Shimna

കുഞ്ഞാത്തലി, കരിനീലി, തുടങ്ങി യക്ഷികൾ ആടിത്തിമിർക്കുന്ന ഭൂമിക! എംടി വാസുദേവൻ നായരുടെ 'ചെറിയ ചെറിയ ഭൂകമ്പങ്ങൾ' എന്ന കഥയെ ഇങ്ങനെ വിശേഷിപ്പിക്കാം. യാഥാർഥ്യവും, ഭാവനയും തമ്മിലുള്ള മാസ്മരികമായ കൂടിച്ചേരലിലൂടെ, മലയാളസാഹിത്യത്തിന് മാജിക്കൽ റിയലിസത്തിൻെറ വിശാലമായൊരാകാശം കഥ തുറന്നിടുന്നു.

ജാനകിക്കുട്ടിയുടെ ജീവിതത്തിലുണ്ടാകുന്ന ചെറിയ ചെറിയ ഭൂകമ്പങ്ങളാണ് കഥാതന്തു. യക്ഷികളായ കുഞ്ഞാത്തലിയെയും കരിനീലിയെയും ജനലിലൂടെ അവൾ പേര് വിളിച്ചു. ഇതാണ് ആദ്യ ഭൂകമ്പം.! പണിക്കരെ വിളിച്ച് കവിടിവെച്ചു നോക്കി. ഇതിന്‍റെ ഭാഗമായി പുറം കാഴ്ചകൾ അവൾക്ക് നിഷേധിച്ചു. വീടിന്‍റെ അകത്തായി പിന്നീടുള്ള കളികൾ, ഇത് രണ്ടാമത്തെ ഭൂകമ്പത്തിന് കാരണമാകുന്നു.

വീട്ടിൽ നിറച്ചാളുകൾ ഉണ്ടായിട്ടും ഒറ്റപ്പെടലും, ഏകാന്തതയും കാരണം നല്ലൊരു ബാല്യം നഷ്ടപ്പെട്ടവളാണ് ജാനകികുട്ടി. ഈ അനാഥത്വത്തിലാണ് യക്ഷികൾ അവൾക്ക് കളികൂട്ടുകാരാവുന്നത്. ഈ വേഷപ്പകർച്ചയെ എംടി സൂക്ഷ്മതയോടുകൂടി ആവിഷ്കരിച്ചിരിക്കുന്നു. 

ഉച്ചക്കാനം നേരത്തെ വിരസതകൾ മറക്കാൻ അവൾ യക്ഷിയുമായി കൂട്ടുകൂടുന്നു. വീട്ടിൽനിന്നും മറ്റാരിൽനിന്നും കിട്ടാത്ത സ്നേഹവും പരിഗണനയും അവർ നൽകുന്നു. എല്ലാവരുടെയും 'ഞാട്ടി' എന്ന വിളിയിൽ സ്വന്തം പേര് പോലും അവൾക്ക് അന്യമാകുന്നു. കുഞ്ഞാത്തലിയുടെ 'ജാനകികുട്ടി' എന്ന വിളിയിൽ, നഷ്ടപെട്ട വ്യക്തിത്വത്തിനപ്പുറം, ബാല്യത്തിന്‍റെ പ്രസരിപ്പ് കൂടി അവൾ വീണ്ടെടുക്കുന്നു.
ദംഷ്ടതാഴ്ത്തി ഒറ്റ വലി വലിക്കുന്ന യക്ഷി സങ്കൽപ്പത്തിന് എംടി മനുഷ്യരുടെ ഭൗതികരൂപം നൽകുന്നു. കൊത്തങ്കല്ലാടനും, വട്ടു കളിക്കാനും അവളോടൊപ്പം, അവരും കൂടുന്നു.

'തോറ്റാലും കളിയ്ക്കാൻ ഒരാളുണ്ടല്ലോ'എന്ന അവളുടെ ദയനീയത വായനക്കാർക്ക് വേദനപകരുന്നതാണ്. ഏടത്തി പറഞ്ഞ് പറ്റിക്കുന്ന പോലെയല്ല, വാക്കിന് വ്യവസ്ഥയുള്ളവരാണ് യക്ഷികൾ. വാൾപ്പാറയിൽ ചായത്തോട്ടത്തിലുള്ള അച്ഛനും, അച്ഛനെ ഏതുസമയവും വിമർശിക്കുന്ന അമ്മയും ശിഥിലമായ കുടുംബബന്ധത്തിൻെറ ബാക്കിപത്രമാണ്. ഇതിൽ പൊലിയുന്നത് ജാനകിക്കുട്ടിയുടെ ബാല്യവും.  ഇതുകൊണ്ടാവാം, അവൾ ഭാവനാലോകത്ത് സന്തോഷം കണ്ടെത്തുന്നത്. 

വാർദ്ധക്യത്തിൽ ഒറ്റപ്പെട്ട് പോവുന്നവരുടെ പ്രതിരൂപമാണ് അക്കരയിലെ മുത്തശ്ശി. ജാനകികുട്ടി ഇവർക്ക് ആശ്വാസം പകരുന്നു. എന്നാൽ അവരുടെ മരണത്തോടെ, കൊത്തങ്കല്ലാടാനും  വട്ടു കളിക്കാനും മുത്തശ്ശിയും കൂടുന്നു. ഇങ്ങനെ ജാനകികുട്ടി സ്വപ്നലോകത്ത് വീണ്ടും വിഹരിക്കുകയാണ്. ഇത്തരത്തില്‍ യക്ഷികൾക്ക് മാനുഷികമാനങ്ങൾ നൽകി പൗരാണിക യക്ഷിസങ്കൽപ്പങ്ങളെ എംടി കീഴ്‌മേൽ മറിക്കുന്നു. ഇത്തരത്തിലുള്ള ഭ്രമകല്പനകളിലൂടെ കഥ കൂടുതൽ ഹൃദ്യമാകുന്നു.

No comments:

Post a Comment