Tuesday, January 21, 2020

ഹിഗ്വിറ്റയിലെ ദൃശ്യഭാഷ

Written by Vivek S

Image result for higuita story malayalam1971 ഇല്‍ 'ശിശു' എന്ന കഥയിലൂടെയാണ് എൻ.എസ് മാധവൻ ശ്രദ്ധേയനായത്. പ്രതിപാദ്യത്തിൽ പുലർത്തുന്ന രഹസ്യാത്മകത, പ്രതീതി കല്പനകളുടെ പ്രത്യേകതകള്‍, കഥകളിൽ നിന്ന് കഥകളിലേക്ക് വ്യാപിക്കുന്ന പ്രമേയങ്ങള്‍, കഥകളിലെ ഭാഷകൾ എന്നിവയാണ് എൻ.എസ് മാധവന്‍റെ കഥകളിലെ പ്രധാന സവിശേഷതകൾ.



പദവാക്യങ്ങളിലൂടെയും ബിംബ പ്രതീകങ്ങളിലൂടെയും സസൂക്ഷ്മം വായിക്കാത്ത വായനക്കാരന് കഥയുടെ സത്ത മനസ്സിലാകണം എന്നില്ല. ചിലപ്പോഴൊക്കെ ആവർത്തിച്ചുള്ള വായനകൊണ്ട് മാത്രമേ അത് മനസ്സിലാകൂ. ആയതുകൊണ്ട് തന്നെ ആദ്യകാലങ്ങളിൽ ഹിഗ്വിറ്റയുമായുള്ള മാധവന്‍റെ കടന്നുവരവ് ചുരുക്കം പേർക്ക് മാത്രം കയറാവുന്ന ഒരു വീടിനെ എല്ലാവർക്കും വന്ന് കയറാവുന്ന ഒരു പൊതുസ്ഥലമായി തീർത്തു.


ഹിഗ്വിറ്റ - കഥാസമാഹാരം 


7 കഥകൾ അടങ്ങുന്ന ഒരു കഥാസമാഹാരാമാണ് ഹിഗ്വിറ്റ. ഉത്തരാധുനികതയുടെ ആദ്യഭാവുകത്വങ്ങൾ കൃത്യമായി അടയാളപ്പെടുത്തിയതാണ് ഏഴ് കഥകളും. വ്യത്യസ്തമായ ചിന്തകൾ പുലർത്തുന്ന കഥാപാത്രങ്ങൾ, കഥാപാത്ര വൈവിധ്യത്തിനും കാരണമാകുന്നുണ്ട്.


ഫുട്‍ബോളും ദൈവശാസ്ത്രവും ഇടകലർന്ന ഹിഗ്വിറ്റയും, കലാപങ്ങളും മാനവികതയും ഇടകലർന്ന വൻ മരങ്ങൾ വീഴുമ്പോഴും, ശരീരവും മനസ്സും വ്യത്യസ്ത സ്ഥാനങ്ങളിൽ നിൽക്കുന്ന കാർമെനും സംഘർഷഭരിതമായ മാനസികാവസ്ഥകളുടെ ആവിഷ്കരണമായി കാണാം. 'കാണി ഒരു മികച്ച സ്ത്രീ പക്ഷ കഥയാണ്. വിലാപം ഒരു ഏകാധിപതിയുടെ അന്ത്യവും. 'നാലാം ലോകം' കമ്യുണിസ്റ്റ് ഭരണത്തിന്‍റെ ചരിത്ര കാര്യങ്ങളും ഫാന്റസിയും അവതരിപ്പിക്കുന്ന കഥയാണ്. 'എന്‍റെ മകൾ ഒരു സ്ത്രീ' പിതാവിന്‍റെ മനോദുഃഖങ്ങൾ അവതരിപ്പിക്കുന്ന വ്യത്യസ്തമായ കഥയാണ്.



ഹിഗ്വിറ്റ


ഡൽഹിയിലെ ഇടവകയിൽ വികാരിയായ ഗീവർഗീസച്ചൻ, ജോലി തേടി ഡൽഹിയിലെത്തിയ ലൂസി എന്ന ആദിവാസി പെൺകുട്ടി, അവൾക്ക് ജോലി ശരിയാക്കികൊടുക്കുന്ന ജബ്ബാര്‍. ഈ മൂന്നു കഥാപാത്രങ്ങളുടെ കഥ പറയുന്ന ഹിഗ്വിറ്റയിൽ എടുത്തുപറയേണ്ടത് കഥയിൽ ഉടനീളം ഇഴചേർന്നുനിൽക്കുന്ന ഫുട്‌ബോൾ എന്ന ദൃശ്യവിരുന്നിലെ അധികം ശ്രദ്ധിക്കാതെ പോകുന്ന ഗോളിയും ബൈബിളിലെ ബിംബങ്ങളുമാണ്.

വാക്കുകളുടെ അപാരമായ ദൃശ്യസാധ്യതകളെ മലയാളത്തിലേക്ക് വിന്യസിപ്പിച്ച കഥയാണ് ഹിഗ്വിറ്റ. ഒരു ഫുട്‌ബോൾ കളിയുടെ പശ്ചാത്തലത്തിൽ കഥപറയുമ്പോൾ വായനക്കാരനിൽ ഒരു പുതിയ ദൃശ്യാനുഭവം കൊണ്ടുവരികയാണ് ശ്രീ എൻ.എസ് മാധവൻ.

Image result for higuita story malayalamസ്‌കൂൾ പഠനകാലത്ത് സ്‌കൂൾ ഫൂട്‌ബോള്‍ ടീം അംഗമായതും സെവൻസ് കളിക്കാൻ പോയതും അച്ഛനെക്കുറിച്ചുള്ള ഒളിമങ്ങാത്ത ഓര്‍മകളും ഗീവർഗീസച്ചന്‍റെ ഫുട്‌ബോൾ കളിയോടുള്ള ആത്മബന്ധം വ്യക്തമാക്കുന്നു. ബൈബിളിലെ ബിംബകല്പനകൾ കഥയോട് നന്നായി ഇഴകിച്ചേർന്ന് നിൽക്കുമ്പോൾ, വായനക്കാരനിൽ ഗീവർഗീസച്ചനെയും അദ്ദേഹത്തിന്‍റെ ചിന്താതലവും സ്വയം അനുഭവിച്ചറിയാൻ കഴിയുന്നു. കഥാകാരൻെറ മനഃശാസ്ത്രപരമായ സമീപനമാണിവിടെ കാണാൻ കഴിയുന്നത്.



പി ടി മാഷായിരുന്നു അച്ഛൻെറ മരണത്തിനുശേഷം ഗീവർഗീസച്ചന് സെവൻസ് അന്ത്യക്രിസ്‌തുവായി. ദൈവവിളികിട്ടി സെമിനാരിയിൽ ചേർന്ന് വൈദികനായതിനുശേഷം ''പെനാൽറ്റി കിക്ക് കാത്തുനിൽക്കുന്ന ഗോളിയുടെ ഏകാന്തത'' എന്ന ജർമ്മൻ നോവലിനെ കുറിച്ചുള്ള അറിവ് അദ്ദേഹത്തിൻെറ ചിന്തകളെ വീണ്ടും ഫുട്‌ബോളിലേക്ക് നയിക്കുന്നു. അച്ചന്‌, ഗോൾപോസ്റ്റ് കാക്കുന്ന യേശുക്രിസ്തുവാണ്‌ ഗോളി.


ലൂസിയുടെ ജബാറിനെതിരെയുള്ള പരാതി, ഒരലോസരമായി മാറുമ്പോൾ, ഏകാന്തത കാത്തുനിൽക്കുന്ന ഒരു ഗോളിയെ ജനക്കൂട്ടം ശല്യംചെയ്യുന്നപോലെയാണ്. ഈ ഒരു ചിന്ത മാറിമറിയുന്നത് ഹിഗ്വിറ്റ എന്ന കൊളംബിയൻ ഗോളിയെ അറിയുമ്പോഴാണ്. പന്ത് ഇടംവലം പായിച്ച് മധ്യത്തിലേക്ക് നീങ്ങുന്ന ഗോളിയുടെ കാഴ്ച ഗീവർഗീസച്ചന് ഒരു ആത്മവിശ്വാസമാണ് പകരുന്നത്. ഗോൾ പോസ്റ്റിന്‍റെ രക്ഷകനാവാൻ മാത്രമല്ല, ഏതൊരു കളിക്കാരനെയും പോലെ ഇറങ്ങി ചെല്ലാനും സാധിക്കുമെന്നയാള്‍ തിരിച്ചറിയുന്നു.


ലൂസിയെ സങ്കടത്തിൽ നിന്ന് രക്ഷിക്കുമ്പോൾ, ബൈക്ക് 'ഇടംവലം പായിച്ച്' ജമ്പാറിനെ കാണാൻ പോകുന്ന അച്ചനില്‍ ഹിഗ്വിറ്റ എന്ന ഗോളിയുടെ പ്രതിരൂപം പ്രേക്ഷകന് കാണാൻ കഴിയുന്നു. കാല് മടക്കിയടിച്ച് ജമ്പാറിനെ വീഴ്‌ത്തുന്ന അച്ഛൻ അപ്പോൾ പഴയ സെവെൻസിലെ ഗീവർഗീസായി മാറുകയാണ്. തിരിച്ച് കളികഴിഞ്ഞ് മടങ്ങുന്ന ഹിഗ്വിറ്റയെപോലെയാണ് അച്ഛനും ഒരു ഗൃഹാതുരത്വവും ഇല്ലാതെ ജമ്പാറിനെ കണ്ടുമടങ്ങുന്നത്.


ഹിഗ്വിറ്റയിൽ ഫുട്‌ബോളിനെ കൂട്ടുപിടിച്ചത് കഥയുടെ ശില്പഭംഗിയുടെ മാറ്റ് കൂട്ടുകയും കഥയുടെ പുനർവായനയ്ക്ക് വായനക്കാരനെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ദൃശ്യഭാഷയോട് ചേർന്നുനിൽക്കുന്ന ഹിഗ്വിറ്റയിലെ ഭാഷ പുതിയ ഒരു അനുഭവമാണ് വായനക്കാരന് തുറന്നുകൊടുത്തത്.


No comments:

Post a Comment