Written by Thasni Shanavas
കാല്പനികതയും യാഥാർഥ്യവും തമ്മിലുള്ള പോരാട്ടം കൊടുമ്പിരികൊള്ളുന്ന വേളയിൽ, ബഹുരൂപിയായ കവിതയ്ക്ക് കവി ഭാവനയോടും സമൂഹത്തോടും ഒരേ സമയം കൂറ് പാലിക്കാം എന്നു തെളിയിച്ച കവിതയാണ് തീവണ്ടിയിലെ പാട്ട്.വളരെ വ്യക്തമായ ആഭിമുഖ്യം തന്നെ എൻ വി കൃഷ്ണവാര്യർക്ക് കാല്പനികതയോട് ഉണ്ടെന്നിരിക്കെ, അതിനെ നിരാകരിച്ച് സമൂഹത്തിലെ സത്യങ്ങൾക്ക് വേണ്ടി കവിത എഴുതാൻ തുനിയുന്ന എൻ വി യെ ഇവിടെ കാണാം.
ആകാശം തേടി അലയുന്ന കാല്പനിക കവി ഭൂമിയിലെ വേരുകളെ മറക്കുന്നു എന്നു വിശ്വസിച്ചിരുന്ന എൻ വി, വിഭാവനം ചെയ്ത കവിതയിൽ കഠിന പദങ്ങളും പരുഷമായ ഉച്ഛരണവും കാണുന്നതിൽ അത്ഭുതപ്പെടാനില്ല.
'ഘർഘരഘോര സ്തനിതം '
എന്ന വാക്കിനെ സൃഷ്ടിച്ച എൻ വി യുടെ മനസ്സും എത്രകണ്ട് പ്രക്ഷുബ്ദമായിരിക്കണം! ലാവണ്യാത്മകതയിൽ നിന്നുള്ള ബോധപൂർവ്വമായ തിരിച്ചു പോക്കാണ് ഇവിടെ പ്രത്യക്ഷമായി കാണുന്നത്.
എന്നാൽ എത്രത്തോളം ഈ ലക്ഷ്യത്തെ കവി പൂർത്തീകരിച്ചു എന്ന് സംശയിക്കുന്ന രീതിയിൽ ആണ് കഥ മുന്നോട്ടുപോകുന്നത്.
ജനനിർമ്മിതമായ വേദി, അലയടിക്കുന്ന വികാരങ്ങൾ, നാടകീയമായ വേഷപ്പകർച്ച, മോഹവും മോഹഭംഗവും,മറ്റെന്തിലുമുപരി സംഗീതവും. കാല്പനികത എന്ന പൂവിനെ നുള്ളിയേറിയാൻ ആഗ്രഹിച്ച എൻ വി, അറിഞ്ഞോ അറിയാതെയോ തീർക്കുന്നത് ഒരു മിസ്റ്റിക് വസന്തമാണ് !
പരുഷവാക്കുകളിലും ഇംഗ്ലീഷ് പദങ്ങളും പറയുമ്പോൾ കവി പാലിക്കുന്ന മിതത്വം കുറവന്റെ പാട്ടിനെ വർണ്ണിക്കുമ്പോൾ ഭേദിക്കപ്പെടുന്നു.അവിടെ കവി വാചാലനാവുകയാണ്.വികാരപരതയുടെ അത്യുന്മേഷം ആണിവിടെ വായനക്കാരന് അനുഭവപ്പെടുന്നത്.
"കുറവനൊരാൾ കുഴലൂതുവ,തവനെ
പ്പാമ്പുകൾ ചൂഴെയെഴുന്നാടുവതും;
തരുണനവന്റെ നനുത്തൊരു മീശ -
കുരുത്ത മുഖത്തിനു ചുറ്റും ചിതറി
ചുരുളിരുളൊളി മുടി ചുറ്റിക്കെട്ടിയ
മഞ്ഞപ്പട്ടിൻ വിടവുകളൂടെ "
യാഥാർത്ഥ്യയിനോട് ചേർന്ന് പോകാൻ ആഗ്രഹിച്ച കവി ഇവിടെ ഈ കവിതയിൽ എന്തുകൊണ്ട് ഇത്രയധികം കാല്പനിക ബിംബങ്ങൾ കൊണ്ടുവന്നു? ആർത്ഥവ്യാപ്തിയും ആശയഗാംഭീര്യവും ഉള്ള കവിയിൽ നിന്നും മനപ്പൂർവമല്ലാതെ ഇത്തരമൊരു പ്രവാഹം ഉണ്ടാവില്ല എന്നു വിശ്വാസിക്കുന്നവരെ കുഴക്കുന്ന ചോദ്യമതാണ്.
കവി ഭാവനയുടെ ഉജ്ജ്വല പ്രതീകങ്ങളായ പ്രണയം,മോഹം,പാമ്പ്,ഭയം,സംഗീതം,സൗന്ദര്യരൂപങ്ങൾ,സ്ത്രീവർണന,വിഷാദം, എന്നിവയെല്ലാം സമ്മേളിക്കുന്ന "പാട്ട്", എൻ വി കല്പ്പനികതയ്ക്ക് നൽകുന്ന അന്ത്യോപഹാരം ആവാം. ഒരു മടങ്ങി വരവ് ഇല്ലെന്നു മനസ്സിലാക്കുന്ന നർത്തകൻ ചടുലമായ താളങ്ങൾ ഒടുവിലെ വരികളിൽ നൽകുന്നതാവാം അവ.
ചോദ്യങ്ങൾക്കെല്ലാമായി കവി നിശ്ശബ്ദമായി ഒളിപ്പിച്ചുവച്ച മറുപടി ആണ് 'രാമേശ്വരം'. കവിത നടമാടുന്ന ആത്മീയകേന്ദ്രം.
"ശ്രവനപൂർണ്ണിമ.........
.......................സമ്മേളിച്ചാർ"
ബ്രഹ്മഹത്യചെയ്ത ശ്രീരാമൻ പ്രായശ്ചിത്തം ചെയ്ത സ്ഥലം ആണ് രാമേശ്വരം.താൻ വധിക്കാൻ ശ്രമിക്കുന്ന തന്റെ ഉള്ളിലെ കല്പനികതയെ ഈശ്വരനോളം സ്നേഹിച്ചിരിക്കാം കവി. ഓളങ്ങൾ ഇല്ലാത്ത രാമേശ്വരം കടൽ കുറവന്റെ മോഹഭംഗത്തിനു തിരഞ്ഞെടുത്തപ്പോൾ അവയെ നയിച്ചത് ഈ ചിന്തയാവാം.
പാപങ്ങൾ എല്ലാം പൊറുക്കപ്പെടുന്ന ഇടമാണ് രാമേശ്വരം !
മരിച്ചവർക്ക് മോക്ഷം കിട്ടുന്ന ഇടമാണ് രാമേശ്വരം !
ഒടുവിൽ പുതുജീവൻ തുടിക്കുന്ന സ്ഥലമാണ് രാമേശ്വരം !
മരിച്ചവരും ജീവിക്കുന്നവരും ഉള്ള രാമേശ്വരം കാല്പനികതയുടെ അന്ത്യവും യാഥാർത്ഥ്യകവിതയുടെ പുതുജീവനും കാണിക്കാൻ ഉത്തമാന്തരീക്ഷം സൃഷ്ടിക്കുന്നു.
തന്റെ ഉള്ളിലെ കാല്പനികതയെ പട്ടടയിലേക്ക് വലിച്ചെറിഞ്ഞ് പുതിയ തുടക്കം കുറിക്കാൻ ഒരുങ്ങുന്ന കവി രാമേശ്വരതീരത്തേക്കല്ലാതെ മറ്റെങ്ങോട്ടേക്കാണ് പോവുക? കടൽ പോലെ ഭക്തർ തിങ്ങിയിരമ്പി ജപിക്കുന്ന മന്ത്രങ്ങളാണ് മാനവികതയ്‌ക്ക് നൂൽകെട്ടാൻ കവി ലക്ഷ്യം വെക്കുന്നതും.
No comments:
Post a Comment