By Shambunath Mohan
പാണ്ഡവജനനിയായ കുന്തിക്ക് യൗവ്വനത്തിന്റെ വികാരപുളപ്പിൽ സൂര്യഭഗവാനിൽ ഉണ്ടായ പുത്രനാണ് കർണ്ണൻ. സാമുദായികാപാചരങ്ങളുടെ ഭാരത്തിൽ സൂര്യപുത്രനായി വളരേണ്ടി വന്ന കർണ്ണനെ മാരാർ മഹാഭാരതത്തിലെ തേജസ്വിയായി അവരോഹിക്കുന്നു. പാണ്ഡവപക്ഷത്തിനെതിരെ പോരാടിയ ഈ സൂര്യപുത്രനിൽ അടങ്ങിയ ശ്രേഷ്ഠഗുണങ്ങൾ പലയിടങ്ങളിൽ മാരാർ തുറന്നുകാണിക്കുന്നു.
കുരുവംശകുമാരന്മാരുടെ ആയുധാഭ്യാസം കഴിഞ്ഞ് അരങ്ങേറ്റം നടക്കുന്ന പശ്ചാത്തലത്തിലാണ് മാരാർ കർണ്ണനെ ആദ്യമായി ചിത്രീകരിക്കുന്നത്. അർജ്ജുന വൈഭവം കണ്ട് സ്തബ്‌ധരായ ജനങ്ങളുടെ ഇടയിലേക്ക് കയറിവന്ന് ഗുരുവര്യന്മാരുടെ മുൻപിൽ വച്ച് അതിനേക്കാൾ ശ്രേഷ്ഠമായ ആയുധമുറകൾ പ്രദർശിപ്പിച്ച് കർണ്ണൻ ഗംഭീരപ്രവേശനം നടത്തുന്നു. തുടർന്ന് അർജ്ജുനനെ ദ്വന്ദ്വയുദ്ധത്തിന് ക്ഷണിക്കവെ കർണ്ണന്റെ ജാതി ചോദിക്കപ്പെടുന്നു.
മഴയേറ്റുചാഞ്ഞ താമരപ്പൂപോലെയായ കര്‍ണ്ണന് സഹായമായി ദുര്യോധനൻ എത്തുന്നു. അയാളെ അംഗരാജ്യത്ത് അഭിഷേകം ചെയ്ത് പകരം 'ഒടുങ്ങാത്ത സഖ്യം' ആവശ്യപ്പെടുന്നു.
തന്റെ മാനം കാത്തുസൂക്ഷിച്ച സുയോധനനോടുള്ള കൂറ് ഒടുവിലെ ശ്വാസം വരെയും പാലിക്കുന്ന കർണ്ണനെയാണ് നാം പിന്നീട് കാണുന്നത്. തന്റെ സ്വത്തും ശരീരവും കീർത്തിയുമെല്ലാം ദുര്യോധനനുവേണ്ടി ഉഴിഞ്ഞുവെക്കുന്നു. പാണ്ഡവരെയും കൃഷ്ണനെയും ആരും ജയിക്കാൻ പോണില്ലെന്നറിഞ്ഞിട്ടും ഭീഷ്മപിതാമഹൻ ശരശയ്യയിൽ ആവശ്യപ്പെട്ടിട്ടും ദുര്യോധനനുവേണ്ടി തന്റെ സഹോദരങ്ങൾക്കെതിരെ പോരാടുവാൻ അയാൾ തയ്യാറാകുന്നു. മാത്രമല്ല, താൻ ചിരവൈരിയായ അർജ്ജുനന് വേണ്ടി കരുതിവച്ചിരുന്ന തന്റെ ശക്തിയെ ദുര്യോധനന് വേണ്ടി ഘടോൽക്കചവധത്തിന് ഉപയോഗിക്കുകയും ചെയ്തു. കർണ്ണനെ മാഹാത്മാവാക്കുന്ന ത്യാഗം ഇതാണെന്നാണ് മാരാരുടെ അഭിപ്രായം.
ദീനതയോടെ പ്രവേശിച്ച പിതാവിന്റെ അടുക്കലെത്തി യഥോചിതം നമസ്കരിക്കുന്ന കർണ്ണൻ ശ്രേഷ്ഠമായ പുത്രധർമ്മത്തിന്റെ പാത്രമാകുന്നു. ഒട്ടും പ്രതീക്ഷിക്കാതെ കൈവന്ന രാജബഹുമതികളിൽ അയാള്‍ അഹങ്കരിക്കുന്നില. ആ പ്രവൃത്തി കണ്ട് അപഹസിച്ച പാണ്ഡവരേക്കാളേറെ കീർത്തിവാനാണ് സൂര്യപുത്രൻ എന്ന് മാരാർ സമർത്ഥിക്കുന്നു. ക്ഷത്രിയ യുവതിക്ക് അനുരാഗത്തിൻെറ ഫലമായുണ്ടായ കർണ്ണനത്രേ വംശസന്തതിക്കുവേണ്ടി ഉത്പാദിപ്പിക്കപ്പെട്ട പാണ്ഡവരേക്കാൾ പൗരുഷമൂല്യം.
പെറ്റമ്മ തുടങ്ങിവച്ച തേജോവധ പരിപാടി ജീവിതകാലം മുഴുവൻ നേരിടേണ്ടി വന്നവനാണ് കർണ്ണൻ. ഭീഷ്മപിതാമഹാനിൽ നിന്നുപോലും കൂറില്ലായ്മ മാത്രമാണ് അയാൾക്ക് ലഭിച്ചത്. എന്നാൽ ഇതേ ഭീഷ്മരെ മരണശയ്യയിൽ പോയികാണുകയും മാപ്പപേക്ഷിക്കുകയും ചെയ്ത കർണ്ണൻ ഭീഷ്മരുടെ ആലിംഗനാനുഗ്രഹത്തിന് പാത്രമാകുന്നു. ഭാവോൽകൃഷ്ടമായ ഈ കൂടിക്കാഴ്ചയ്ക്ക് പ്രദർശനപരതയുടെയോ സ്വാർത്ഥതാല്പര്യങ്ങളുടെയോ പുറംമൂടിയില്ല. ധർമ്മവും സഹിഷ്‌ണുതയും നിറഞ്ഞതാണ് ഈ സന്ദർഭം.
പുത്രൻ, ക്ഷത്രീയൻ, ശിഷ്യൻ, ധർമ്മിഷ്ടൻ എന്ന തലങ്ങളിലെല്ലാം പാണ്ഡവരേക്കാളേറെ കവചകുണ്ഡലങ്ങളണിഞ്ഞ കർണ്ണന്റെ രൂപം ഉയർന്ന് നിൽക്കുന്നതായി കാണാം. അതിനാലാവണം കുരുവംശപുത്രന്മാരുടെ സകലരുടെയും, വില്ലാളിവീരനായ അർജ്ജുനന്റെയും യുദ്ധമുറകൾ ചിത്രീകരിച്ച അദ്ധ്യായത്തിന് 'കർണ്ണൻെറ അരങ്ങേറ്റം' എന്ന് മാരാർ പേര് നൽകിയത്. ഇതേ കുരുവംശ മഹിമയ്ക്ക് കളങ്കം വരാതിരിക്കുവാൻ പിതൃത്വം നിഷേധിക്കപ്പെട്ട കർണ്ണനുമേൽ മാരാർ ചാർത്തുന്ന കാവ്യനീതിയാണ് ഈ അദ്ധ്യായം എന്നതിൽ സംശയമില്ല.